
തിരുവനന്തപുരം: ജയിലിൽ കിടന്ന ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിൽ ഡിഐജി പാഞ്ഞെത്തിയത് തൃശൂരിലെ 'പവർ ബ്രോക്കർ'ക്കൊപ്പമെന്ന് റിപ്പോർട്ട്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥതല യോഗത്തിൽ ഡിഐജി പി അജയകുമാറിനെ ജയിൽ മേധാവിയായ എഡിജിപി ബൽറാം കുമാർ ഉപാധ്യായ പരസ്യമായി ശാസിച്ചു. മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഡിഐജിയെ ശാസിച്ചത്. ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ റിമാൻഡിൽ കഴിയവെ ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലിൽ സന്ദർശിക്കുകയും ജയിലിൽ സൗകര്യങ്ങളൊരുക്കാൻ വഴിവിട്ട നീക്കം നടത്തുകയും ചെയ്തു എന്നാണ് ഡിഐജി പി അജയകുമാറിനെതിരായ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന ഡിഐജി ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിലിലേക്ക് പാഞ്ഞെത്തി. തൃശൂരിലെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെയും എറണാകുളം ജയിലിൽ കണ്ടു. ഡിഐജിക്ക് ഒപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു എന്നാണ് സൂചന. ഇത് തൃശൂരിലെ 'പവർ ബ്രോക്കറെ' ന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സൂപ്രണ്ടിന്റെ ടോയ്ലറ്റ് ഉൾപ്പെടെ ബോബിക്ക് ഉപയോഗിക്കാൻ സൗകര്യമൊരുക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുളള റിപ്പോർട്ട് സ്പെഷ്യൽ ബ്രാഞ്ച് സർക്കാരിന് നൽകി. ജയിൽ ആസ്ഥാന ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടും ഇന്ന് സർക്കാരിന് നൽകും.











